മുസ്ലിം സ്ത്രീ Part 18

മുസ്ലിം സ്ത്രീ


മുസ്ലിം സ്ത്രീക്ക് യാതൊരു അവകാശവുമില്ല എന്നും അവൾ നാലു ചുമരികൾക്കിടയിൽ പർദ്ദയിൽ വീർപ്പുമുട്ടി കിടക്കുകയാണ്, അവൾക്കു സ്വാതന്ത്രമില്ല തുടങ്ങിയ വാദങ്ങൾ നാം അനുദിനം കേട്ട് കൊണ്ടിരിക്കുകയാണ്, ഈ ആരോപണത്തിന്റെ നിജസ്ഥിതി അന്ന്വേഷണ വിദേയമാക്കേണ്ട വിഷയം തന്നെയാണ്,

     ഇസ്ലാം അറേബ്യയിൽ പ്രചരിക്കുന്ന കാലത്തെ സ്ത്രീയുടെ അവസ്ഥ എന്തായിരുന്നു എന്ന് ആദ്യം പഠനം നടത്തിയാൽ ഇത്തരം വാദം ഉണ്ടാകില്ല.

     പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലത്തു ജീവിക്കാനുള്ള അവകാശമാണ് ആദ്യമായി ഇസ്ലാം നൽകിയത്, കൂടെ അർഹമായതും അപകടകരമല്ലാത്തുതുമായ സ്വതന്ത്രവും അംഗീകാരവും അവകാശങ്ങളും നൽകി ആദരിച്ചു,

     അക്കാലത്തു സ്ത്രീകള്‍ കടുത്ത അനീതിക്കിരയായിരുന്നു, സ്ത്രീകള്‍ പൊതു ചന്തയിലെ വില്‍പ്പനച്ചരക്കായിരുന്നു, കാലികളോടെന്നപോലെ അവരോടു മോശമായി പെരുമാറി, വ്യത്യസ്ത തരത്തിലുള്ള വിവാഹവും വിവാഹമോചനവും അനിയന്ത്രിതമായ ബഹുഭാര്യത്വവും സാര്‍വത്രികമായിരുന്നു, സ്ത്രീകള്‍ക്ക് യാതൊരുവിധ അവകാശമോ നിര്‍ണിത പദവിയോ ഉണ്ടായിരുന്നില്ല.

     മനുഷ്യത്വ രഹിതമായ ഈ ദുരവസ്ഥയില്‍നിന്ന് പ്രവാചകന്‍(സ) സ്ത്രീകളെ രക്ഷപ്പെടുത്തി, മഹത്വത്തിന്റെ ഒന്നിത്യത്തിലേക്ക് അവരെ നയിച്ചു, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും പ്രവാചകന്‍(സ) കല്‍പിച്ചിട്ടുണ്ട്, അദ്ദേഹം പറയുന്നു

    "ഏതൊരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടാവുകയും എന്നിട്ട് ഏറ്റവും നന്നായി അവള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും, ഏറ്റവും നല്ല ശിക്ഷണം നല്‍കുകയും ചെയ്താല്‍ അവന് രണ്ട് പ്രതിഫലമുണ്ട്".

    ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ മാപിനി നിശ്ചയിക്കുന്നത് ആ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ നോക്കിയാണ് എന്ന് പറയാറുണ്ട്, സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷ മുഖ്യ പ്രാധാന്യമാണ്.

    "സന്‍ആ മുതല്‍ ഹദ്‌റ മൗത്ത് വരെ ഒരു സ്ത്രീ നിര്‍ഭയത്വത്തോടു കൂടി സഞ്ചരിക്കുന്ന" നാട് സൃഷ്ടിക്കാൻ മുഹമ്മദ് നബി(സ)യുടെയും ഖുലഫാഉറാശിദുകളെയും ഭരണകാലത്ത് സാധിച്ചു എന്നത് ചരിത്രത്തിൽ സ്ത്രീകള്‍ക്ക് ലഭിച്ച സുരക്ഷിതത്വവും സ്രേഷ്ടതയുടെയും പ്രത്യക്ഷമായ തെളിവാണ്.

ചെറുപ്പം മുതൽ അവരെ നല്ല രീതിയിൽ പരിപാലിക്കാനും വിദ്യാഭ്യാസം നൽകാനും അവൾക്കിഷ്ടപെട്ട ആളെ വിവാഹം കഴിച്ചു കൊടുക്കാനും ഇസ്ലാം നിർദേശിക്കുന്നു, ഭാര്യയായ സ്ത്രീയോട് നല്ല രീതിയിൽ സഹവർത്തിക്കണമെന്നും ഇസ്ലാം നിദ്ദേശിക്കുന്നു, വിശുദ്ധ ഖുർആൻ 2:231 ൽ പറയുന്നു

    "ഭാര്യമാരോട് നല്ല കൂട്ടാളിയായി പുലർത്തുക അവരെ ബുദ്ധിമുട്ടിനു വിധേയരാക്കരുത് "

     ഇസ്ലാം സ്ത്രീക്ക് വളരെ സ്വാതന്ത്രം നൽകുന്നുണ്ട്, മത ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കാനും, ജോലി ചെയ്യാനും, ഇഷ്ടപെട്ട വരനെ കണ്ടത്താനും, സ്വത്തു സമ്പാധിക്കാനും, ഭർത്താവിൽ നിന്ന് അർഹമായ സംരക്ഷണം നേടുവാനും, അഥവാ ഒന്നിച്ചു പോകാൻ കഴിയാത്ത ബന്ധമാണെങ്കിൽ വിവാഹ മോചനം നേടുവാനും, അതിന്നു ശേഷം വേറെ വിവാഹം കഴിക്കുവാനും ഇസ്ലാം അനുവദിക്കുന്നു,

        ഇത്രയും അവകാശങ്ങൾ ഏതു മതമാണ് നൽകുന്നത് ? സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്ന് ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു യൂറോപ്പിൽ, ക്രിസ്ത്യൻ മതം വിവാഹ മോചനത്തിനോ പുനർ വിവാഹത്തിനോ അനുവദിക്കുന്നില്ല, പുനർവിവാഹം വ്യഭിചാരത്തിന് തുല്യമായാണ് ബൈബിൾ പറയുന്നത്, വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌തവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ അനുവാദമില്ല,

     സ്ത്രീകൾക്ക് ക്രിസ്തുമതത്തിലേക്കാൾ സ്വാതന്ത്രം ഇസ്ലാം നൽകുന്നതായി ഡോ. ആനിബസന്റ് തന്റെ "ദി ലൈഫ് ആൻഡ് ടീച്ചിങ് ഓഫ് മുഹമ്മദ് " എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്,

     "സ്ത്രീ വിമോചനത്തിൽ ഖുർആൻ വഹിച്ച പങ്കു ഗ്രഹിക്കണമെങ്കിൽ അറബികളുടെ സുവർണ യുഗത്തിലെ സ്ത്രീകളുടെ സ്ഥിതി പരിശോധിക്കേണ്ടിയിരിക്കുന്നു, സ്ത്രീകളെ ആദരിക്കുക എന്ന ശീലം യുറോപ്പ്യർ അറബികളിൽ നിന്നാണ് പഠിച്ചത്" (ഗോസ്റ്റാഫ് ലബോണി - അറബ് സംസ്കാരം1931)

    എന്നാൽ മുസ്ലികൾക്കു വേണ്ടി മുതലക്കണ്ണീർ വാർക്കുന്നവർ യഥാർത്ഥത്തിൽ ഇസ്ലാമിനെ അപകീർത്തി പെടുത്താൻ മാത്രമാണ് ശ്രദ്ധിക്കുന്നത്, പർദ്ദയിൽ മുസ്ലിം സ്ത്രീകൾ വീർപ്പു മുട്ടുകയാണ് എന്നാണ് അവരുടെ പരിഭവം അവരുടെ പിന്നോക്കാവസ്ഥക്കു ഇതാണ് കാരണമെന്നും വാദം

    പര്‍ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനല്ല, മറിച്ച് പീഡനങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയാണ്. പുരുഷനെ പ്രലോഭിപ്പിക്കാതിരിക്കാനും കാമകണ്ണുകളില്‍ നിന്നും രക്ഷപ്പെടാനും ഒരു പരിധി വരെ സഹായകമാണ് അത്,

   (പർദ്ദ ഇട്ടാൽ മാത്രമേ പീഡനം തടയാനാവു എന്ന് അതിനു അർത്ഥമില്ല സ്ത്രീകളോടുള്ള തെറ്റായ മനോഭാവം മാറ്റേണ്ടത് തന്നെയാണ്)

     കേരളത്തില്‍ മുമ്പത്തെതിനേക്കാള്‍ പര്‍ദ്ദയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീകള്‍ വിവിധ മേഖലകളില്‍ വളരെ പുരോഗമിച്ചു വരുന്നുമുണ്ട്, പര്‍ദ്ദ ധരിക്കാത്തവര്‍ ചെയ്യുന്ന മാന്യമായ ഏതു ജോലിയും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചു കൊണ്ട് ചെയ്യുന്നതിന് തടസ്സമില്ല. പര്‍ദ്ദയും പിന്നാക്കാവസ്ഥയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

   ലോകാടിസ്ഥാനത്തിൽ സ്ത്രീകൾ ഉന്നതിയിൽ എത്തിയിട്ടുണ്ടോ? ചില പഠനങ്ങൾ നോക്കാം, രാഷ്ട്രീയശാക്തീകരണം, സാമ്പത്തികപങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്ത്രീ-പുരുഷ അന്തരം അവസാനിക്കാന്‍ 83 വര്‍ഷമെങ്കിലും എടുക്കുമെന്നായിരുന്നു കഴിഞ്ഞവര്‍ഷത്തെ കണക്ക്, പുതിയ റിപ്പോര്‍ട്ടില്‍ ഇത് നൂറുവര്‍ഷമായി.

സ്ത്രീ-പുരുഷ അന്തരം തൊഴിൽ വേതനത്തിലും പ്രകടമാണ്     

     അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ് മൊത്തം പ്രകടനത്തില്‍ 47ആം സ്ഥാനത്തും ചൈന നൂറാം സ്ഥാനത്തുമാണ്. ചൈനയിലെ 70 ശതമാനം സ്ത്രീകളും തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും പുരുഷന് ലഭിക്കുന്ന വേതനത്തിന്റെ 64 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ, അമേരിക്കയില്‍ ആണുങ്ങള്‍ക്ക് ശരാശരി ഒരു ഡോളര്‍ ശമ്പളം കിട്ടുമ്പോള്‍ അതേ ജോലി ചെയ്യുന്ന വെള്ളക്കാരായ പെണ്ണുങ്ങള്‍ക്ക് ശരാശരി 77 സെന്റേ ശമ്പളം കിട്ടൂ

    സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ കാര്യം പറയാനില്ല. അമേരിക്കയില്‍ ഒരു ദിവസം 500 ന് അടുത്ത് സ്ത്രീകളാണ് ബലാല്‍ക്കാരം ചെയ്യപ്പെടുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ അതിലേറെയാണ്.

അമേരിക്കന്‍ സര്‍ക്കാരില്‍ ഇപ്പോള്‍ പോലും 17% ജനപ്രതിനിധികളേ സ്ത്രീകളായുള്ളു. ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് സ്ത്രീകളുടെ പിന്നോക്കാവസ്ഥക്കു കാരണം മതമോ, വസ്ത്രമോ, സമൂഹത്തിൽ അവരുടെ ഇടപെടലുകളുടെ അഭാവമോ അല്ലെന്നാണ്,

    കുടുംബ ഭദ്രതക്കും, മക്കളുടെ ഉന്നതിക്കും സമൂഹത്തിലെ അവരുടെ സുരക്ഷിതത്വത്തിനും വേണ്ട ചില നിർദേശങ്ങൾ ഇസ്ലാം അനുശാസിക്കുന്നുണ്ട്, അത് ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളും അല്ല.

Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌