വിവാഹ മോചനം / മുത്വലാഖ്‌ - ഇസ്ലാം തത്വവും ചരിത്രവും Part 20

വിവാഹ മോചനം / മുത്വലാഖ്‌

ദാമ്പത്യബന്ധം സുദൃഡമാകുന്നതിന്ന്‌ ആവശ്യമായ നിയമ നിര്‍ദേശങ്ങള്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്‌. എങ്കിലും കുടുംബ ജീവിതത്തില്‍ പിണക്കങ്ങളും അസ്വാരസ്യങ്ങളും സ്വാഭാവികമായും ഉണ്ടായേക്കാം അത്തരം സന്ദര്‍ബത്തില്‍ ബന്ധം അറ്റു പോകാതിരിക്കാൻ ചില പ്രായോഗികമായ നിര്‍ദേശങ്ങള്‍ ഇസ്ലാം നല്‍കുന്നു.

     ആദ്യമായി അവളെ ഉപദേശിക്കുവാനും എന്നിട്ട്‌ ശരിയാവുന്നില്ലങ്കില്‍ കിടപ്പറയില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കാനും തുടര്‍ന്നും അനുസരണക്കേട്‌ തുടരുന്നുവെങ്കില്‍ പരുക്കുപറ്റാത്ത വിധം ശാരീരിക ശിക്ഷണം നല്‍കുവാനും ഇത്‌ കൊണ്ടൊന്നും ശരിയാവാത്ത പ്രകൃതമാണങ്കില്‍ ഇരു വീട്ടുക്കാര്‍ ഇടപ്പെട്ട്‌ അനുരഞ്ജനത്തിന് കളമൊരുക്കുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്നു.

  ഖുര്‍ആന്‍ പറയുന്നു. "ഇനി അവര്‍ (ദമ്പതിമാർ) തമ്മില്‍ ഭിന്നിച്ച്‌ പോകുമെന്ന്‌ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക ഇരുവിഭാഗങ്ങളും അനുരഞ്ജനമാണ്  ഉദ്ദേശിക്കുന്നതെങ്കില്‍ അള്ളാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്‌ തീര്‍ച്ചയായും അള്ളാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു"(The Holy Quran - 4:35).

    ഇങ്ങിനെ ഏത്‌ രീതിയിലെങ്കിലും ദാമ്പത്യബന്ധത്തെ വിഛേദിക്കാതെ കൊണ്ട്‌ പോകണമെന്നാണ്‌ ഇസ്ലാമിന്റെ നിര്‍ദ്ദേശം. എന്നാല്‍ യാതെരു കാരണവശാലും ബന്ധത്തില്‍ നിന്ന്‌ മോചനം പാടില്ല എന്ന അപ്രായോഗികമായ നിയമമൊന്നും ഇസ്ലാമിലില്ല.

     ഉപേക്ഷണ പത്രം എഴുതികൊണ്ട്‌ വിവാഹമോചനം അനുവദനിയമാണന്ന്‌ ബൈബിളില്‍ (ആവര്‍ത്തനം 24:1)

പറയുന്നുണ്ടങ്കിലും കൃസ്ത്യന്‍ സഭ വിവാഹമോചനത്തിന്ന്‌ അനുമതി നല്‍കുന്നില്ല.

   അനിവാര്യമായ ഘട്ടത്തില്‍ വിവാഹമോചനം അനുവദനീയമാക്കാത്തത്‌ കൊണ്ടാണ്‌ ചില വീടുകളില്‍ ആത്മഹത്യയും ദുരുഹ സഹചര്യത്തിലുള്ള മരണങ്ങളും ഉണ്ടാവുന്നത്‌ അങ്ങിനെയെങ്കിലും ഈ നരക ജീവിതം ഒഴിവായി കിട്ടിയെങ്കിലെന്നാണ്‌ അവര്‍ ചിന്തിക്കുന്നത്‌.

   19 ആം  നൂറ്റാണ്ടിലെ കൃസ്ത്യന്‍ നിയമപ്രകാരം ഒരു സ്ത്രീയുടെ അവസ്ഥ കോടതി വിശദീകരിച്ചതിങ്ങനെ "തന്നെ മോശമായി പരിപാലിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത, താന്‍ വെറുക്കുന്ന ഒരു പുരുഷന്റെ നാമമാത്ര ഭാര്യയായി തന്റെ ഇഷ്ടത്തിന്ന്‌ വിരുദ്ധമായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വരുന്ന ഒരു കൃസ്ത്യന്‍ ഭാര്യയുടെ ജീവിതം യാതൊരു മഹത്വവും വ്യക്തി സ്വാതന്ത്ര്യവും ഇല്ലാത്ത അര്‍ദ്ധമാനുഷിക ജീവിതമാണ്‌ ".(E.G അമ്മിണി ,A.I ACT- 1995)

   ഒരുവിധത്തിലും പൊരുത്തപ്പെട്ട്‌ പോകാന്‍ കഴിയാത്തവര്‍ നരകതുല്ല്യം കഴിയുന്നതിലും നല്ലത്‌ നല്ല രീതിയില്‍ ബന്ധം ഒഴിയുന്നതാണന്നാണ്‌ ഇസ്ലാമിന്റെ കാഴ്ചപാട്‌. വളരെ അനിവാര്യമായ അവസരത്തില്‍ മാത്രം അനുവദിച്ച വിവാഹമോചനത്തെ കുറിച്ച് നബി (സ) പറഞ്ഞതിതാണ്‌ "അനുവദനീയമായതില്‍ അള്ളാഹുവിന്ന്‌ എറ്റവും അധികം വെറുപ്പള്ളതാകുന്നു വിവാഹമോചനം".


 മുത്വലാഖ്‌?


വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ് ഇസ്ലാമിലെ ത്വലാഖ് അഥവാ വിവാഹമോചനം. ഇഷ്ടാനുസരണം വിവാഹം കഴിക്കാനും തോന്നിയതുപോലെ മൊഴി ചൊല്ലാനും അനുവാദം നല്‍കുക വഴി സ്ത്രീകളെ പീഢിപ്പിക്കുന്ന മതമാണ് ഇസ്ലാമെന്ന ധാരണയാണ് പല൪ക്കുമുള്ളത്.

എന്നാൽ ഇസ്ലാമിലെ ത്വലാഖിനേക്കാൾ ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ ഒരു സമീപനവും വിവാഹ മോചനത്തിന്റെ കാര്യത്തിൽ മറ്റൊരു ദർശനവും പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം.

ഖുർആൻ വിശദമായി പ്രതിപാദിച്ച വിഷയങ്ങളാണ് വിവാഹവും ദാമ്പത്യ ജീവിതവും വിവാഹ മോചനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ.

വിവാഹ മോചനമാണല്ലോ ഇവിടെ വിഷയം. ആദ്യം നല്ല രീതിയിൽ ഉപദേശിക്കുക, പിന്നീട് ശയ്യ ബഹിഷ്കരിക്കുക, എന്നിട്ടും ശരിയായില്ലെങ്കിൽ എളിയ രീതിയിൽ ശിക്ഷിക്കുക (അഭിമാനത്തിന് കോട്ടം തട്ടാതെ). ഈ മൂന്നു കാര്യങ്ങളും ചെയ്തതിനു ശേഷവും ശരിയായില്ലെങ്കിലും, ദമ്പതികൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ വർദ്ധിച്ച്‌ വേർപിരിയലിന്റെ വക്കിലെത്തുന്നതിന്റെ മുമ്പായി ഇരു പക്ഷത്തു നിന്നുള്ള ഉത്തരവാദിത്തപ്പെട്ടവർ ഒരുമിച്ചിരുന്നു രമ്യതക്ക്‌ ശ്രമിക്കണമെന്നതാണു അടുത്ത ഘട്ടം.

അത്‌ പരാജയപ്പെട്ട്‌ ബന്ധം നിലനിർത്തേണ്ടതില്ല എന്നു ഭർത്താവ്‌ തീരുമാനമെടുത്തു കഴിഞ്ഞാൽ ഒരു ത്വലാഖ്‌ ചൊല്ലാവുന്നതാണു. ഒന്നാമത്തെ ഈ ത്വലാഖ്‌ ചൊല്ലിയാലുടൻ വിവാഹ മോചനമാവുന്നില്ല.

ഈ ത്വലാഖിനു ശേഷവും ഭർത്താവ്‌ ഭാര്യയെ സ്വന്തം സംരക്ഷണത്തിൽ സ്വന്തം വീട്ടിൽ തന്നെ താമസിപ്പിച്ച്‌ മൂന്നു മാസമുറ കഴിയുന്നത് വരെ ഒരുമിച്ച്‌ കഴിയേണ്ടതാണ്. ഈ കാലയളവിനുള്ളിൽ യോജിപ്പിനുള്ള ശ്രമങ്ങൾ നടക്കേണ്ടതാണ്. നിർഭാഗ്യവശാൽ രമ്യതയിലെത്താൽ കഴിയുന്നില്ലെങ്കിൽ പ്രസ്തുത കാലയളവ്‌ കഴിയുന്ന മുറക്ക്‌ മാന്യമായ നഷ്ട പരിഹാരം ജീവനാംശമായി നൽകി പിരിയാവുന്നതാണു. അതോടെ വിവാഹ മോചനമായി.

പക്ഷേ ഒരു തലാഖ്‌ മാത്രമേ നടന്നിട്ടുള്ളൂ എന്നതിനാൽ, ഇരുവർക്കും പിന്നീട്‌ കുറ്റബോധമുണ്ടായി ഒരുമിക്കാൻ തോന്നുകയാണെങ്കിൽ വീണ്ടും വിവാഹിതരാകാവുന്നതാണ്.

അങ്ങനെ പുനസ്ഥാപിക്കപ്പെട്ട ബന്ധത്തിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി വേർപിരിയാൻ തീരുമാനിച്ചാൽ ഒന്നാം ത്വലാഖിനുള്ള എല്ലാ നടപടിക്രമങ്ങളും വീണ്ടും പൂർത്തിയാക്കേണ്ടതാണ്. അങ്ങനെ പിരിഞ്ഞ്‌ വീണ്ടും ഒരുമിക്കാൻ ആഗ്രഹിച്ച്‌ വിവാഹ ബന്ധത്തിലേർപ്പെടുകയും പിന്നെ വേർപ്പിരിയുകയും ചെയ്യേണ്ടി വന്നു മൂന്നാമത്തെ ത്വലാഖു ചൊല്ലിയാൽ പിന്നെ സ്ഥായിയായ വേർപിരിയലാണ്. പിന്നെ വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീയുമായി സാധാരണ ഗതിയിൽ വീണ്ടും ബന്ധം സ്ഥാപിക്കാൻ കഴിയില്ല.

ത്വലാഖിന്റെ ഈ നടപടി ക്രമങ്ങളൊന്നും പാലിക്കാതെ കോപാധിക്യത്തിൽ മൂന്നു ത്വലാഖ്‌ ഒരുമിച്ച്‌ ചൊല്ലിയെന്നു പറഞ്ഞ്‌ ഭാര്യയെ ഒഴിവാക്കുകയും പിന്നീട്‌ ഖേദത്തിലായി പരിഹാരത്തിനു പ്രവാചകന്റെ സമീപത്ത്‌ എത്തുകയും ചെയ്ത സംഭവങ്ങൾ ഹദീസ്‌ ഗ്രന്ഥങ്ങളിലുണ്ട്‌. അപ്പോഴൊക്കെ, മൂന്നു ത്വലാഖ്‌ ഘട്ടങ്ങൾ പൂർത്തിയാക്കാതെ ഒരുമിച്ച്‌ ചൊല്ലിയാലും ഒന്നായി മാത്രമേ ഗണിക്കപ്പെടുകയുള്ളൂ എന്നു പറഞ്ഞു കൊണ്ടു ബന്ധം തുടരണമെന്നാണു പ്രവാചകൻ കൽപിച്ചത്‌.

എന്നാൽ, പ്രവാചകനു ശേഷം ഖലീഫ ഉമറിന്റെ കാലഘട്ടത്തിൽ ഇത്തരത്തിൽ കോപാധിക്യത്താലുള്ള മുത്വലാഖ്‌ വർദ്ധിച്ചു വന്നപ്പോൾ പിന്നീട്‌ കുറ്റബോധമുണ്ടായാലും ബന്ധം തുടരാൻ അനുവാദം നൽകാതെ മുൻകോപികളായ ഭർത്താക്കന്മാരെ പാഠം പഠിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഇതിന്റെ ചുവടു പിടിച്ച്‌ മുത്വലാഖ്‌ നിഷിദ്ധമായ രീതിയാണെങ്കിലും അതോടെ വിവാഹ ബന്ധം അസാധുവാകുമെന്ന് ചില പണ്ഡിതന്മാർ വിലയിരുത്തി.

എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ മുത്വലാഖ്‌ എന്നത്‌ ദൈവ ശിക്ഷക്ക്‌ കാരണമാകുന്ന നിഷിദ്ധതയാണെന്ന സത്യം മുസ്ലിം സമൂഹത്തിൽ വേണ്ടത്ര ഉദ്ബോധനം ചെയ്യപ്പെടാതെ പോവുകയും മുത്വലാഖ്‌ ഒരു വിവാഹ മോചന രീതിയായി മാറുകയും ചെയ്തു.

വിവാഹ മോചനം പഴയ കാലത്തെ അപേക്ഷിച്ച്‌ ഇന്നു വിരളമാണെങ്കിലും അതിൽ ഭൂരിഭാഗവും മുത്വലാഖ്‌ വഴിയാണു നടക്കുന്നത്‌. വിശുദ്ധ ഖുർആൻ വളരെ പ്രാധാന്യപൂർവ്വം നിഷ്കർഷിച്ച വ്യവസ്ഥകളൊക്കെ അവഗണിച്ചു കൊണ്ടാണു ഇന്നും വിവാഹമോചനം നടക്കുന്നത്‌. അവ പാലിച്ചിരുന്നുവെങ്കിൽ ബന്ധങ്ങൾ രമ്യതയിലെത്തി വിവാഹ മോചനത്തിന്റെ എണ്ണം ഇനിയും എത്രയോ കുറയുമായിരുന്നു എന്നു നിസ്സംശയം പറയാം.

Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌