മുസ്‌ലീം സമൂഹം - ഇന്ത്യയിൽ. ഇസ്ലാം തത്വവും ചരിത്രവും Part 29

 മുസ്‌ലീം സമൂഹം - ഇന്ത്യയിൽ

     ഇന്ത്യയുമായി വളരെ പ്രാചീനമായ ബന്ധം അറേബ്യക്കുണ്ടായിരുന്നതായി ചരിത്രക്കാരന്മാര്‍ രേഖപ്പെടുത്തുന്നു. സൌഹാര്‍ദപരമായ ബന്ധമായിരുന്നു അത്‌. അറേബ്യയിലെ ചില രാജ്യവംശങ്ങള്‍ വരെ ഇന്ത്യയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. "ചില ദ്രാവിഡ വാക്കുകള്‍ക്ക്‌ അറബി ഭാഷയോടുള്ള ബന്ധം പരിശോധിച്ച്‌ നോക്കുകയാണങ്കില്‍ എത്രയോ പ്രാചീനമായ ബന്ധം ഇന്ത്യക്ക്‌ അറേബ്യന്‍ സംസ്‌ക്കാരങ്ങളോട്‌ ഉണ്ടായിരുന്നതായി കാണാം, കൂടുതല്‍ അന്വേഷണ കൗതുകം ഉള്ളവര്‍ക്ക്‌ ആര്‍ രാമസ്വാമി അയ്യരുടെ ദ്രാവിഡ സംസ്‌ക്കാര പഠനം വായിക്കാവുന്നതാണ്‌" (ഗുരുനിത്യചൈതന്യ യതി) 

      പുരാതന ഇന്ത്യക്കാര്‍ ചേലാകര്‍മ്മം ചെയ്തിരുന്നുവെത്രെ, അടുത്തകാലം വരെ കേരളത്തിലെ നായന്മാര്‍ ചേലാകര്‍മ്മം ചെയ്തിരുന്നുവെന്ന്‌ കേരള ചരിത്രത്തില്‍ പയ്യമ്പള്ളി ഗോപാലകുറുപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സിന്ധു നദിതീര സംസ്ക്കാരം നിലനിന്നകാലത്ത്‌ വേദോപനിഷത്തുകള്‍ അറബിഭാഷ പോലെ വലത്‌ ഭാഗത്ത്‌ നിന്ന്‌ എഴുതപ്പെടുന്ന പഹ്‌ലവി ലിപിയിലായിരുന്നുവെത്രെ, 

       ഇന്നും സിന്ധിഭാഷ ലിപി അറബി അക്ഷര രൂപത്തിലാണന്നത്‌ അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെയാണ്‌ വ്യെക്തമാക്കുന്നത് അറേബ്യയിലെ ഇസ്ലാമിന്റെ പുനരാഗമനത്തിന്ന്‌ ശേഷം ഇന്ത്യയിലും അതിന്റെ ഫലങ്ങള്‍ പ്രകടമായി. ഇന്ത്യയുമായുള്ള സൗഹൃദ  ബന്ധമായിരുന്നു അറേബ്യാക്കുണ്ടായിരുന്നത്,   

      B, N Pande പറയുന്നു."ഏകദൈവത്വവും ഇസ്‌ലാം കൊണ്ട്‌ വന്ന ജാതി രഹിതമായ സാമൂഹിക സമത്വ സിന്താന്തവുമാണ്‌ ഇന്ത്യന്‍ മനീക്ഷികളെ ആകര്‍ഷിച്ചത്‌. ഇന്ത്യന്‍ മത തത്വചിന്തയിലും ഇതിന്റെ അനുകൂല പ്രതിഫലനമുണ്ടായി "(Islam and Indian Culture). 

പേര്‍ഷ്യന്‍ ഭാഷയും അറബിയും പഠിച്ചിരുന്ന രാജാറാം മോഹന്‍റായ്‌ അറബി മൂല്യത്തിൽ തന്നെ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. ഖുര്‍ആനുമായുള്ള സമ്പര്‍ക്കമാണ്‌ മോഹന്‍റായിയെ ഏകദൈവ ചിന്തയിലേക്കും സാമൂഹിക സിന്താന്തത്തിലേക്കും നയിച്ചതെന്ന്‌ ചരിത്രക്കാരനായ ആര്‍ സി മജുംദാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

      സൂഫികള്‍ ഇന്ത്യന്‍ ആത്മജ്ഞാനികളെ അഗാധമായി സ്വാധീനിച്ചു. "ഹൈന്ദവരില്‍ വളര്‍ന്ന്‌ വന്ന ഏകദൈവാരാധന ചിന്ത തന്നെ ഇസ്‌ലാമിനോട്‌ കടപ്പെട്ടതാണ്‌" (KM Panikkar - A serve of Indian History). ബാബാ ഫരീദിന്റെ ആശയങ്ങളുടെ പ്രതിഫലനമായിരുന്നല്ലോ സിക്ക്‌ മതസ്ഥാപകനായ ഗുരുനാനാക്കിന്റെ ചിന്തകള്‍.

വളരെ പ്രാചീന കാലം മുതലെ അറബികള്‍ കേരളവുമായി കച്ചവട ബന്ധം പുലര്‍ത്തിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം, അറബികളുടെ കപ്പലോട്ട ചരിത്രത്തിന്ന്‌ ബി സി അയ്യായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടന്ന്‌ പറയപ്പെടുന്നു. മുവ്വായിരത്തില്‍ പരം അറബി പദങ്ങളെങ്കിലും മലയാളത്തിലുണ്ടെന്ന്‌ ഗുണ്ടര്‍ട്ട്‌ തന്റെ നിഘണ്ടുവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അത്രത്തോളം സ്വാധീനം അറേബ്യയുമായി കേരളത്തിനുണ്ട്‌.       

       പ്രവാചകന്റെ കാലത്ത്‌ തന്നെ ഇസ്ലാം കേരളത്തില്‍ വന്നതായി ചരിത്രരേഖകളില്‍ രേഖപ്പെട്ട്‌ കിടക്കുന്നു. "അറേബ്യയും കേരളവും തമ്മില്‍ തുടര്‍ന്ന്‌ വന്ന സമാധാനപരമായ സമ്പര്‍ക്കത്തിന്‍െറയും സാമ്പത്തിക ബന്ധത്തിന്റെയും പ്രക്രിയയുടെയും  ഫലമായി ഇസ്ലാമതം ആവിര്‍ഭവിച്ചതോടപ്പം തന്നെ അതിന്ന്‌ കേരളത്തിലും അനുയായികളുണ്ടായി (R. Miller Mappila muslims of India)

        കേസരി എം ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തില്‍ എ.ഡി 628 ല്‍ മുഹമ്മദ്‌ നബി (സ) പല രാജാക്കന്മാർക്കും കത്തയച്ച കൂട്ടത്തില്‍ കേരളത്തിലെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ക്കും കത്തയച്ചിരുന്നു. ഒരു യാത്ര സംഘത്തോടപ്പം പെരുമാള്‍ പ്രവാചക സന്നിതിയിലെത്തുകയും ഇസ്ലാമതം സ്വീകരിക്കുകയും ചെയ്തു. കേരളത്തിലേക്ക്‌

പ്രബോധകരെ ആവശ്യപ്പെട്ടതനുസരിച്ച്‌ അദ്ദേഹത്തോടപ്പം മാലിക്ബനു ദീനാറും സംഘവും കേരളത്തിലേക്ക്‌ യാത്ര തിരിച്ചു, യാത്രമദ്ധ്യ രോഗബാധിതനായ അദ്ദേഹം തന്റെ പിന്‍ഗാമികള്‍ക്കുള്ള ഒരു കത്ത്‌ സംഘത്തെ ഏല്‍പിച്ചു പിന്നീട്‌ അദ്ദേഹം മരണമടയുകയും

ചെയ്തു. 

          ഒമാനിലെ സലാലയിലാണ്‌ അദ്ദേഹത്തിന്റെ കബറിടം. അറുനൂറ്റി നാല്‍പത്തി മൂന്നില്‍ മാലിക്ബനു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ വന്നു ഇവരാണ്‌ കേരളത്തിലെ ആദ്യ പ്രബോധകസംഘം. അവരുടെ സ്വഭാവ മഹിമയില്‍ സംതൃപ്തനായ സാമൂതിരി രാജാവ്‌ അവര്‍ക്ക്‌ പള്ളികെട്ടി കൊടുക്കുകയും ഇസ്ലാമിക പ്രബോധനത്തിന്ന്‌ അനുമതി നല്‍കുകയും ചെയ്തു, 

      കേരളത്തിലെ ജനങ്ങളെ ഇസ്ലാമിന്റെ  സമസൃഷ്ടി ഭാവന ഹാഠാദാകര്‍ശിച്ചു. സുന്ദരവും ആകര്‍ഷണീയവുമായ ഇസ്ലാമികാശയത്തെ കേരളീയ സമൂഹം വളരെ ആദരവോടെയാണ്‌ വീക്ഷിച്ചത്‌. കേരളത്തില്‍ ഇസ്‌ലാം അതിവേഗം വ്യാപിച്ചു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന അതിദയനീയമായ ജാതിവ്യവസ്ഥ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ നയിച്ച ഒരു പ്രധാന ഘടകമായിരുന്നു. 

      തട്ടുകളായി നിര്‍ത്തിയ സാമൂഹൃഘടനയില്‍ വിയര്‍പ്പൊഴുക്കാത്ത ഉന്നത കുലജാതികളും ചോര നീരാക്കിയാലും അന്നം നിഷേധിക്കപ്പെടുന്ന അവര്‍ണരുമായിരുന്നല്ലോ അന്നത്തെ സാമുഹികാവസ്ഥ.     

       മലമ്പാറില്‍ ജാതി വ്യവസ്ഥ രൂക്ഷമായിരുന്നു പൊതുനിരത്തുകളും കുളങ്ങളും ഉപയോഗിക്കാന്‍ താണ ജാതിക്കാരന്ന്‌ അവകാശമില്ലായിരുന്നു. സംബന്ധം നിയമ വിധേയമായിരുന്നു. ഒരു സ്ത്രി ഇരുപത്തേഴ്‌ ഭര്‍ത്താക്കന്മാരെ വരെ പുലര്‍ത്തിയിരുന്നതായി 1891ലെ മലമ്പാര്‍ മാര്യേജ്‌ കമ്മീഷന്റെ  റിപ്പേര്‍ട്ടില്‍ കാണാം. കേരളത്തില്‍ രൂക്ഷമായി നിലനിന്നിരുന്ന ജാതി വ്യവസ്ഥ സാമൂഹികമായ ഉച്ച നീചത്വങ്ങൾക്കു വഴിവെച്ചിരുന്നു. 

        ഇസ്ലാമിന്റെ സമഭാവന പൂര്‍വ്വമായ മഹത്തായ ആശയങ്ങളില്‍ കേരളീയ ജനത വിശ്വാസമര്‍പ്പിച്ചു. അന്ന്‌ കേരളം ഭരിച്ചിരുന്ന സാമൂതിരിമാര്‍ ഇസ്ലാമിന്റെ വ്യാപനത്തില്‍ ഏറെ സന്തോഷവാന്മാരായിരുന്നു. അവര്‍ മുസ്ലീംകളെ വളരെ ആദരിച്ചിരുന്നു. അന്നത്തെ മുസ്ലീംകളുടെ അന്തസാര്‍ന്ന ജീവിതമായിരുന്നു അതിന്ന്‌ കാരണം. അവര്‍ പ്രജകളോട്  ഇസ്ലാമതം പുല്‍കാന്‍ ആഹാനം ചെയ്യുകയുണ്ടായി. മതം മാറിയവരെ മാപ്പിളമാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്‌. 

       ആദ്യകാലത്ത്‌ അറബികളെയായിരുന്നു മാപ്പിളമാര്‍ എന്ന്‌ വിളിച്ചിരുന്നത്‌ മഹാപിള്ളയെന്ന പദത്തിന്റെ ഹൃസ്വ രൂപമാണത്‌. മുസ്‌ലീംകളോട്‌ ഏറ്റവും സഹിഷ്ണുതയോടെയായിരുന്നു സാമൂതിരിമാര്‍ വര്‍ത്തിച്ചിരുന്നത്‌. "മുസ്ലീംകള്‍ നാട്ടിലെ സാമൂഹ്യാചാരങ്ങളെ മാനിച്ചിരുന്നു. പശുവിനെ കൊല്ലാനോ അതിനെ തിന്നാനോ പാടില്ലന്നും ആ മൃഗത്തെ കൊല്ലുന്നതോ തിന്നുന്നതോ കണ്ടാല്‍ മരണശിക്ഷ ലഭിക്കുമെന്നുള്ള നിയമം പാലിച്ചിരുന്നു" (7.14 കൃഷ്ണയ്യര്‍ -The Samiqiriance of Calicut ). കച്ചവടത്തിലൂടെ മുസ്ലീംകള്‍ കോഴിക്കോടിനെ സമ്പല്‍സമൃദ്ധമാക്കി. പറങ്കി ശ്രത്രുക്കളില്‍ നിന്നും നാടിനെ രക്ഷിച്ചതും കുഞ്ഞാലി മരക്കാറുടെ കീഴിലുള്ള മുസ്‌ലീംകളായിരുന്നു.

        മുസ്ലികൾ എല്ലാവരെയും തുല്ല്യരായിമാനിച്ചിരുന്നു "കോട്ടക്കലോമന കുഞ്ഞാലിക്ക്‌ നായരും തിയ്യനും ഒന്ന്‌ പോലെ" വടക്കന്‍ പാട്ടിലെ ഈ ഈരടികള്‍ തന്നെ മുസ്ലീംകളുടെ സമഭാവന വിളിച്ചറിയിക്കുന്നതാണ്‌. കേരളത്തിലെ പ്രമുഖ ആചാരങ്ങളിലൊന്നായ തെയ്യത്തില്‍ പോലും മുസ്‌ലീം കഥാപാത്രങ്ങള്‍ക്ക്‌ നല്ല സ്ഥാനം നല്‍കിയിരുന്നതായി കേരള ചരിത്രത്തില്‍ കാണാം. 

       കേവലം ഒരു മതമാറ്റമെന്നതിലൂപരി കേരളത്തിന്റെ സാംസ്ക്കാരിക പുരോഗതിയുടെ മുന്നേറ്റം കൂടിയായിരുന്നു ഇസ്ലാമിന്റെ ആഗമനം. "ഹിന്ദുമതം ജൈന, ബുദ്ധ മതങ്ങളുമായി സമരം ചെയ്തിരുന്നതു കൊണ്ടുള്ള സംഘട്ടനങ്ങള്‍ കാരണം വളരെ പ്രക്ഷുപ്തമായിരുന്നു തെക്കേ ഇന്ത്യയിലെ അന്തരീക്ഷം" (താരാചന്ദ്‌ - Influence of Islam in Indian History)

    ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും അവസ്ഥ മറിച്ചായിരുന്നില്ല. നീധി നിഷേധവും ജാതി വ്യവസ്ഥയുമായി പ്രതീക്ഷ നഷ്ടപ്പെട്ട സമൂഹത്തിനിടയിലാണ്‌ ഇസ്‌ലാം അവതതരിക്കപ്പെട്ടത്‌. "നിലവിലുള്ള സാമൂഹ്യ സഥിതി അസഹിനീയ ഭാരമായി തോന്നിയവര്‍ കൂട്ടത്തോടെ സ്വയം പുതിയ വിശ്വാസത്തെ പുല്‍കി" (A.D. Bhattacharya -The Culture Heritage of India).

    ഇസ്ലാമില്‍ യാതെരു വിധ പീഡനങ്ങളും ഇല്ലന്ന്‌ മാത്രമല്ല ഇസ്‌ലാം പുല്‍കിയവര്‍ കൂടുതല്‍ അംഗീകാരവും സംതൃപ്തിയും നേടിയിരുന്നു. മുസ്ലീംകളുടെ ഉന്നത ജീവിതരീതിയും പ്രവൃത്തനങ്ങളുമാണ്‌ ഹൈന്ദവരിലെ ഉന്നത വിഭാഗങ്ങളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചതെന്ന്‌ പ്രമുഖ ചരിത്രക്കാരനായ അല്‍ബിറൂനി പറയുന്നു. ഒട്ടേറെ രജപുത്ര കുടുംബങ്ങളുടെ ഇസ്ലാമാശ്ശേഷണം അങ്ങിനെയാണ്‌ നടന്നതെന്ന്‌ വൃക്തമാകുന്നു. 

   ഇസ്ലാമിന്റെ സമത്വ സുന്ദുരമായ ആദര്‍ശം അതൊന്ന്‌ മാത്രമാണ്‌ ഇസ്ലാമിന്റെ വളര്‍ച്ചക്ക്‌ നിദാനമായി വര്‍ത്തിച്ചത്‌. "ഇസ്‌ലാമിക സമത്വത്തില്‍ നിന്ന്‌ പ്രചോദനം കൊണ്ട സൂഫികള്‍ സാധാരണക്കാര്‍ക്കായി വിശാലമായ ഒരു തത്വചിന്തയുടെ വാഹകരായി ഇവിടെ വന്നു. ഇന്ത്യയടെ പുരോഗതി തടസപ്പെടുത്തിയ വിലങ്ങുകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായിരുന്നു അവരുടെ ആവേശം."(അതീന്ദ്രനാഥ്‌ ബോസ്‌)

      ഇന്ത്യയില്‍ ഇസ്‌ലാം ദ്രുതഗതിയില്‍ വ്യാപിച്ചു. ഇന്ത്യയുടെ ഭരണ മേഘലയിലും മുസ്ലീംകളുടെ പ്രാതിനിധ്യം പ്രകടമായി. നീണ്ട കാലത്തെ മുസ്‌ലീം ഭരണത്തിന്ന്‌ ആരംഭം കുറിക്കുകയും ചെയ്തു. മഹത്തായ പല പുരോഗതികള്‍ക്ക്‌ ഭരണകാലം നിമിത്തമായെങ്കിലും കാലാന്തരം ഭരണാധികാരികളില്‍ ചിലര്‍ മത മൂല്ല്യങ്ങളില്‍ നിന്നകന്ന്‌ രാഷ്ട്രിയവും സാമ്പത്തികവുമായ സ്വാര്‍ത്ഥതകള്‍ക്ക്‌ അടിമപ്പെട്ടു. പ്രജകളുടെ താല്‍പര്യത്തിലുപരി അവരവരുടെ ഇഷ്ടാനിഷ്ടങ്ങളായിരുന്നു അവരെ നയിച്ചിരുന്നത്‌. 

     എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തോട്‌ മാത്രമായി സ്നേഹമോ വൈരാഗ്യമോ അവര്‍ പുലര്‍ത്തിയിരുന്നില്ല. അത്‌ കൊണ്ടാണ്‌ എഴുന്നൂറ്‌ വര്‍ഷത്തോളം ഇന്ത്യയില്‍ മുസ്‌ലീം ഭരണം നിലനിന്നിട്ടും ഒരു വര്‍ഗിയ കലാപം പോലും ഉണ്ടാവാതെ പോയത്‌. അങ്ങിങ്ങ്‌ നടന്ന ആക്രമണങ്ങള്‍ക്ക്‌ ഇസ്‌ലാമുമായോ ഹൈന്ദവതയുമായോ ബന്ധമുണ്ടയിരുന്നില്ല. അവകള്‍ മതത്തിന്ന്‌ വേണ്ടിയുള്ളതായിരുന്നില്ലന്ന്‌ ചരിത്രത്തില്‍ രേഖപ്പെട്ട്‌ കിടക്കുന്നു.

    "വ്യെക്തമായ മതനിയമത്തിന്റെ അടിത്തറയില്‍ മതപരമായ കാരണങ്ങള്‍ക്കായി മുസ്‌ലീം ഭരണാധികാരികള്‍ യുദ്ധം ചെയ്തുവെന്നതിന്ന്‌ ഒരു തെളിവെങ്കിലും കാണുക പ്രയാസമാണ്‌. മിക്ക യുദ്ധങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ചും ഭാതിക മോഹങ്ങള്‍ക്കും വേണ്ടിയായിരുന്നു" (Dr. P.Sarsan).

    കേവല ആക്രമണങ്ങളെ വിശുദ്ധ യുദ്ധത്തിന്റെ പേരിലെഴുതി ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കുകയാണ്‌ ചിലര്‍ ചെയുന്നത്‌. ഇന്നും ഇന്ത്യയില്‍ മുസ്ലീംകള്‍ ന്യൂനപക്ഷമാണെന്നത്‌ വാളിലൂടെയാണ്‌ ഇസ്ലാം പ്രചരിച്ചത്‌ എന്ന കുപ്രചരണത്തിന്ന്‌ കനത്ത തിരിച്ചടിയാണ്‌. അറുനൂറില്‍ പരം വര്‍ഷങ്ങള്‍ നവാബ്മാര്‍ ഭരിച്ച ഉത്തര്‍ പ്രദേശിലും ദല്‍ഹിയിലും ഇന്നും മുസ്ലീംകള്‍ ന്യൂനപക്ഷമാണ്‌.

    "ഇന്ത്യയില്‍ ഇസ്ലാം അതിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തരവും ശാശ്വതവുമായ മിഷണറി വിജയം നേടിയത്‌ അത്‌ രാഷ്ട്രിയമായി വളരെ ദൂര്‍ബലമായ ഘട്ടങ്ങളിലും സ്ഥലങ്ങളിലുമാണ്‌ "(T.W. Arnold - The Preaching of Islam) എന്ന കണ്ടത്തെൽ അധികാരമുപയോഗിച്ചോ മറ്റു മാര്‍ഗമുപയോഗിച്ചോ ഇസ്‌ലാം പ്രചരിപ്പിച്ചിരുന്നില്ല എന്ന സതൃത്തെ ദൃഢപ്പെടുത്തുന്നു. വസ്തുത ഇതായിരിക്കെ സത്യത്തെ മറച്ച്‌ വെച്ച്‌ മുസ്ലീംകളെ തരം താഴ്ത്താനാണ്‌ വിമര്‍ശകര്‍ തുനിയുന്നത്‌. 

     മുസ്‌ലീം നാമധാരികളായ ഭരണാധികാരികള്‍ നടത്തിയ ആക്രമണങ്ങളെ ചരിത്രത്തിന്റെ താളുകളില്‍ നമ്മുക്ക്‌ കാണാം അത്തരം അക്രമകാരികളെ ഇസ്ലാമിന്റെ പ്രതീകമായാണ്‌ ശത്രുക്കള്‍ ഉയര്‍ത്തിക്കാട്ടാറുള്ളത്‌ അത്‌ വഴി ഇസ്ലാമികാശയങ്ങളെ വികലമാക്കി കാണിക്കാനാണ്‌ വിമര്‍ഷകര്‍ സാഹസപ്പെടുന്നത്‌. 

     ഗസ്നിയെ പോലുള്ള ചില ഭരണാധികാരികള്‍ ക്ഷ്രേതങ്ങള്‍ കൊള്ളയടിച്ചിരുന്നു. മുസ്‌ലീം പള്ളികളും ഗസ്നി കൊള്ള ചെയ്തതായി ചരിത്രത്തില്‍ കാണാം എന്നാല്‍ പള്ളിയിലുള്ളതിനേക്കാള്‍ അധികം സ്വത്ത്‌ ക്ഷേത്രങ്ങളിലായതിനാലാണ്‌ ഗസ്നി അധികം ക്ഷേത്രങ്ങള്‍ കൊള്ള ചെയ്തത്‌, ഗസ്നിയുടെ കൊള്ളക്ക്‌ നേത്രത്വം നല്‍കിയത്‌ സൈനിക മേധാവിയും ഹിന്ദുവിശ്വാസിയുമായ ജനറല്‍ തിലകനായിരുന്നു എന്ന വസ്തുത നാം ഓര്‍ക്കാറില്ല. 

    ഗസ്നിയുടെ ക്രൂര കൃത്യങ്ങള്‍ മൂലം ഇസ്ലാമതം തെറ്റിദ്ധരിക്കപ്പെട്ടു. ഇസ്‌ലാം അക്രമത്തിന്‍െറയും അനീതിയുടെയും മതമാണെന്ന്‌ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചു. ഗസ്നിയുടെ ആക്രമണങ്ങള്‍ക്ക്‌ ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലന്ന്‌ അവരറിഞ്ഞില്ല. (മുസ്ലീംകളും കേരള സംസ്‌ക്കാരവും. പി. കെ മുഹമ്മദ്‌ കുഞ്ഞി) 

     ഇസ്ലാമിലെ അക്രമികളായ ആളുകള്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലീം നാമധാരികള്‍ മാത്രമായിരുന്നു. അലാവുദ്ധീന്‍ ഖില്‍ജിയും ഹിന്ദുവിനോട്‌ മാത്രമല്ല മുസല്‍മാനോടും ക്രൂരത തന്നെയാണ്‌ കാണിച്ചതെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഡോ. കെ എസ്‌ ലാല്‍ എഴുതുന്നു... "മതപരമായ പ്രേരണമൂലം സുല്‍ത്താന്‍ ഏതെങ്കിലും വിധേനെ ദ്രോഹിച്ചിട്ടില്ലെന്നു അദ്ദേഹത്തിന്റെ ചരിത്രം സമഗ്രമായി പഠിക്കുബോള്‍ ബോധ്യമാകുന്നു. തന്റെ നികുതി വിപണി പരിഷ്ക്കാരങ്ങള്‍ ജന്മിമാരായ ഭൂരിഭാഗം ഹിന്ദുക്കളെ ബാധിച്ചിരുന്നു എന്നല്ലാതെ ഹിന്ദുക്കളായത്‌ കൊണ്ട്‌ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തിയെന്നോ മുസ്ലീംകളെ തുണച്ചെന്നോ തെളിയിക്കാനാവില്ല " (Khilji's Revolution).

      "ഒന്നാം പാനിപത്ത്‌ യുദ്ധം ജാതികള്‍ മതങ്ങളും തമ്മിലുള്ള സംഘര്‍ഷമായിരുന്നില്ല. ഇബ്രാഹീം ലോതിയെ തോല്‍പിക്കാന്‍ ബാബറോടപ്പം റാണാസാംഗയുമുണ്ടായിരുന്നു". (എം. പി. വീരേന്ദ്രകുമാർ ചന്ദ്രിക വാര്‍ഷിക പതിപ്പ്‌) ഒരിക്കലും ഒരിസ്ലാമിക ആക്രമണം ഇന്ത്യയുടെ നേരെയുണ്ടായിട്ടില്ലന്ന നെഹ്റുവിന്റെ വെളിപ്പെടുത്തല്‍ ചരിത്രത്തില്‍ വിഷം കലര്‍ത്തുന്നവര്‍ക്ക്‌ ഒരു തിരിച്ചടിയാണ്‌.

      ആര്യന്മാര്‍ മുതല്‍ ഇരുപത്താറ്‌ ജനവിഭാഗങ്ങൾ ഇന്ത്യയിലെ നവാഗതരായിരുന്നു എന്ന്‌ ചരിത്രം പറയുന്നു. എന്നാല്‍ ഇരുപത്താറമത്‌ വന്ന ബ്രിട്ടീഷ്ക്കാര്‍ മാത്രം ഇന്ത്യയെ തങ്ങളുടെ വരുതിയില്‍ കൊണ്ട്‌ വരാന്‍ ശ്രമിച്ചു. വിഭജിച്ച്‌ ഭരിക്കുകയെന്ന കുപ്രസിദ്ധമായ ബ്രിട്ടീഷ്‌ നയത്തിന്റെ പരിണിതിയായ്‌ ഇന്ത്യയെ രണ്ടായി മുറിക്കുവാനും എന്നും അതിര്‍ത്തി തര്‍ക്കത്തിലൂടെ പുരോഗതി കൈവരിക്കാതിരിക്കാനുള്ള കുതന്ത്രവും അവര്‍ അവലംബിച്ചു. അതിന്റെ ഭവിഷത്ത്‌ ഇന്നും ഓരോ ഭാരതിയനും അനുഭവിക്കുന്നു.

     ബ്രിട്ടീഷ്ക്കാരുടെ അധിനിവേശത്തോടെ ചരിത്രത്തിലെ ഏറ്റവും വലിയ പീഡനങ്ങള്‍ക്ക്‌ ഭാരതീയന്‍ ഇരയാവുകയാണുണ്ടായത്‌. അധിനിവേശത്തിനെതിരെ ഇന്ത്യയില്‍ വലിയ പ്രക്ഷോപങ്ങള്‍ ഉടെലെടുത്തു. ഭാരതത്തിലെ എല്ലാ സമരനിരകളിലും മുസ്ലീംകള്‍ അവരുടെതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണന്ന്‌ പഠിപ്പിക്കുന്ന മതമാണിസ്ലാം . 

    രാജ്യദ്രോഹപരമായ ഒരു നടപടിയെയും ഇസ്‌ലാം അനുവദിക്കുന്നില്ല. ഖിലാഫത്ത്‌ പ്രസ്ഥാനത്തിലൂടെയും മറ്റും മുസ്ലീംകള്‍ ബ്രിട്ടീഷ്ക്കാര്‍ക്കെതിരില്‍ അവരുടെ ശക്തി തെളിയിച്ചു. ഇന്ത്യയിലെ മുസ്ലീംകള്‍ ബ്രിട്ടീഷ്ക്കാരുടെ കണ്ണിലെ കരടായി മാറിയത്‌ അങ്ങിനെയാണ്‌. നാടിനെ സംഘര്‍ഷത്തിലേക്ക്‌ നയിക്കുന്ന വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ചെറുത്ത്‌ നില്‍പിന്റെ ദീര്‍ഘമായ ചരിത്രമുണ്ട്‌ കേരള മുസ്ലീംകള്‍ക്ക്‌. 

     അനീതിക്കെതിരെയുള്ള സന്ഥിയില്ലാത്ത സമീപനമായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം. മതപരമായ വിവേചനം അവക്ക് ഉണ്ടായിരുന്നില്ല. അത്‌ കൊണ്ടാണ്‌ ബ്രിട്ടീഷ്ക്കാരെ സഹായിച്ച തളിയില്‍ ഉണ്ണിമാന്‍ കുട്ടി അധികാരിയും ഹൈദ്രോസ്‌ കോണ്‍സ്റ്റബിളും ചേക്കുട്ടി പോലീസും വൈദ്യനായ ഹ്രൈദ്രൂസ്‌ ഹാജിയും ഖിലാഫത്ത്ക്കാരുടെ പ്രതിഷേധ നടപടിക്ക്‌ വിധേയരായത്‌. 

     രാജ്യദ്രോഹം ഇസ്‌ലാമില്‍ വലിയ കുറ്റമായാണ്‌ കണക്കാക്കപ്പെടുന്നത്‌. സ്വരാജ്യത്തിനു വേണ്ടി പോരാടുന്ന മാനവികതയുടെ മതമാണിസ്ലാം. 

     ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്ന്‌ ദേശിയ നേതക്കളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. അതൊരു സമുദായത്തിന്റെ മാത്രമായ സമരമായിരുന്നില്ല, ഇന്ത്യന്‍ സ്വതന്ത്യസമരത്തില്‍ അതിന്റെ പങ്ക്‌ വളരെ വലുതായിരുന്നു.     

   ഖിലാഫത്തിന്ന്‌ നേതൃത്വം നല്‍കിയ മുസ്‌ലീം പണ്ഡിതന്മാരെ കുറിച്ച്‌; പണ്ടിറ്റ്‌ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞു. "ഈ ഉലമാക്കളുടെ (മതപണ്‍ഡിതന്മാരുടെ) പാദങ്ങള്‍ക്കടിയിലുള്ള മണ്ണ്‌ എനിക്ക്‌ സുറുമ പോലെയാണ്‌ അവരുടെ പാദങ്ങളില്‍ ചുംബനമര്‍പ്പിക്കുന്നത്‌ എനിക്ക്‌ അഭിമാനവും"

       എന്നാല്‍ സ്വതന്ത്രലബ്ദിക്കു ശേഷം ചരിത്രരചനയില്‍ ഏറെ അവഗണിക്കപ്പെട്ടതും അവമമതിക്കപ്പെട്ടതും ഇന്നാട്ടിലെ മുസ്‌ലീംകളാണ്‌. അത്‌ കൊണ്ടാണ്‌ യുറോപ്പ്യന്‍ മേധാവിത്വത്തില്‍ നിന്ന്‌ ഈ നാട്‌ മോചിപ്പിക്കാന്‍ ആദ്യം വന്നത്‌ മുസ്‌ലീംകളാണന്ന വസ്തുത ലോകം അറിയാതെ പോകുന്നത്‌. സുബാഷ്‌ ചന്ദ്രബോസ്‌ പറയുന്നു. "ബ്രിട്ടീഷ്‌ പ്രേരണമൂലം ഇന്ത്യന്‍ മുസ്ലീംകള്‍ സ്വാതന്ത്യ സമരത്തിനെതിരാണന്ന ധാരണ വ്യക്തമായും പരന്നിട്ടുണ്ട്‌ എന്നാല്‍ ദേശിയ പ്രസ്ഥാനത്തില്‍ വലിയൊരു ശതമാനം മുസ്ലീംകള്‍ ഉണ്ടായിരുന്നുവെന്നാണ്‌ വസ്തുത" (Subhash Chandra Bose - Shatamony Rai). 

    സ്വാതന്ത്രത്തിനുള്ള പോരാട്ടത്തില്‍ സജീവമായിരുന്ന അലി സഹോദരന്മാരെ കുറിച്ച്‌ ഗാന്ധിജി പറയുകയുണ്ടായി. "അവര്‍ ധൈര്യമുള്ളവരും വളച്ച്‌ കെട്ടില്ലാത്തവരും കാര്യങ്ങള്‍ തുറന്ന്‌ പറയുന്നവരും ദൈവഭക്തരും കഴിവുറ്റവരുമാണ്‌ ഹിന്ദുക്കളും മുസ്ലീംകളും അവരെ ആദരിക്കുന്നു. ഹിന്ദു മുസ്‌ലീം സംസ്ക്കാരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്രയും നല്ല കണ്ണിയെ ഇന്ത്യയിലെവിടെയും കാണാനാകില്ല (Mahatma Gandhi-1919). 

   സ്വാതന്ത്യസമരത്തില്‍ ശക്തമായ ഒരു നിരയെ സൃഷ്ടിക്കാന്‍ ഹിന്ദുക്കളോടപ്പം മുസ്ലീംകളും വലിയൊരു ശക്തിയായി ഉണ്ടായിരുന്നു,  ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലീംകളും ഒരുമിച്ച്‌ നില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കിവിടെ നേട്ടമുണ്ടാക്കാവില്ലന്ന ഉറച്ച, ബോധ്യമാണ്‌ ബ്രിട്ടീഷ്ക്കാരെ അവരുടെ സ്വതസിദ്ധമായ ഭിന്നിപ്പിന്റെ വഴികളിലേക്ക്‌ നയിച്ചത്‌. അതിലവര്‍ വീഴുകയും ചെയ്തു. 

   ഭാരതത്തില്‍ ഇന്നും പുകഞ്ഞ്‌ കൊണ്ടിരിക്കുന്ന സാമുഹികാന്തരീക്ഷത്തിന്നും കാരണം അന്ന്‌ വിതറിയ വിഷവിത്തുകളാണ്‌, ഇന്ത്യ രണ്ടായി പിരിഞ്ഞതിലുമുപരി ഓരോ ദാരതിയനെയും രണ്ടായി കാണാനുള്ള മനോഭാവം വളര്‍ത്തുകയും ചെയ്തു. "മാതാ കാ പാര്‍വ്വതി..ദേവി, പിതാ ദേവാ മഹേശ്വര ബാന്ധവാ മാനവാ സര്‍വ്വ സ്വദേശി ഭുവനത്രയം" എന്ന മഹത്തായ ഭാരത മന്ത്രം നാം വിസ്മരിക്കാനും ഇത്‌ ഇടയാക്കി. 

       സ്വാതന്ത്യലബ്ധിക്കു ശേഷം മുസ്ലീംകള്‍ക്ക്‌ ഇവിടെ ഒരുപാട്‌ പ്രതിസന്ധികളെ നേരിടേണ്ടി വന്നു. അവരുടെ ദേശസ്‌നേഹത്തിന്ന്‌ വിലകല്‍പിച്ചില്ലന്ന്‌ മാത്രമല്ല, സ്വദേശത്തിന്ന്‌ വേണ്ടി ജീവന്‍ സമര്‍പ്പിച്ച അവരുടെ അനുയായികള്‍ക്ക്‌ സ്വദേശികളില്‍ നിന്ന്‌ തന്നെ ജീവഹാനി നേരിടേണ്ടി വന്നു. 

    അസഹിഷ്ണുതയുടെയും മതസ്പര്‍ദ്ധതയുടെയും വിഷവിത്തുകള്‍ ഭാരതിയരില്‍ കുത്തിനിറച്ചത്‌ ബ്രിട്ടീഷ്ക്കാരാണ്‌. കുളം കലക്കി മീന്‍ പിടിക്കുക എന്നത്‌ പ്രാവര്‍ത്തികമാക്കുന്ന മതപ്രചരണ തന്ത്രവും അവരുടെ ലക്ഷ്യമായിരുന്നു ദൈവം ഇന്ത്യയെ ബ്രിട്ടീഷ്ക്കാര്‍ക്ക്‌ നല്‍കിയത്‌ ഈ രാജ്യത്തെ ക്രിസ്തീയവല്‍ക്കരിക്കാനാണന്നും ആ മഹത്തായ ദൌത്യം നിര്‍വ്വഹിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ ഇനറലുടെ ദൂതനായ സര്‍ ഹെര്‍ബര്‍ട്ട്‌ എഡ്വാര്‍ഡ്‌സ്‌ പ്രഖ്യാപിക്കുകയുണ്ടായി.

      ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമെ ബ്രിട്ടീഷ്ക്കാര്‍ക്കിവിടെ സഥാനമുറപ്പിക്കാനാവൂ എന്ന്‌ സൈസന്യാധിപനായിരുന്ന ജോൺ ഓക്കും വെക്തമാക്കുകയുണ്ടായി. ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ്‌ 1909 ല്‍ നടപ്പില്‍ വരുത്തിയ സമ്മതിദായക സംവിധാനം തന്നെ ഇന്ത്യയെ രണ്ടായി ഭാഗിക്കാനുള്ള കുത്സിതശ്രമങ്ങളുടെ ഭാഗമായിരുന്നു. ഇത്‌ പ്രകാരം ഒരു ഹൈന്ദവന്ന്‌ വോട്ട്‌ ചെയ്യാന്‍ മുസ്ലിമിനോ ഒരു മുസ്‌ലിമിന്ന്‌ വോട്ട്‌ ചെയ്യന്‍ ഹൈന്ദവാനോ കഴിയുകയില്ലായിരുന്നു .     

       തന്മൂലം മത്സരം സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞിരുന്ന ഹിന്ദുവും മുസ്‌ലിമും തമ്മിലാക്കുകയും ശത്രുത മനോഭാവം വളര്‍ത്തുകയും ചെയ്തു. വിദേശാധിപത്യത്തിനു എതിരെ വെല്ലുവിളിയുണ്ടാകുമ്പോഴെല്ലാം  പള്ളിയുടെ പടിവാതില്‍ക്കല്‍ ചത്ത പന്നിയെയും അമ്പല പ്രതിഷ്ഠക്കു മുമ്പില്‍ കൊലചെയ്യപ്പെട്ട പശുവിനെയും കാണുന്നതിന്‌ പിന്നിലെ ഗൂഡാലോചനയും മറ്റൊന്നായിരുന്നില്ല. 

       ഭിന്നിപ്പിച്ച്‌ ഭരിക്കലിന്റെ ഭാഗമായി ഹിന്ദുക്കളെ പ്രീണിപ്പിച്ച്‌ മുസ്ലീംകളെ ഒറ്റപ്പെടുത്തുകയെന്ന രീതിയും ബ്രട്ടീഷ്ക്കാര്‍ നടപ്പിലാക്കി കൊണ്ടിരുന്നു. "ദീര്‍ഘകാലം മുസ്‌ലീം ബുദ്ധി ജീവികളെ ഒതുക്കുവാനും ജീവിതത്തിന്റെ സര്‍വ്വമേഘലകളിലും അവരുടെ സ്വാധീനം ഇല്ലാതെയാക്കാനും ബ്രിട്ടിഷ്ക്കാര്‍ അവരുടെ അധികാരത്തിലുള്ളത്‌ പ്രയോഗിച്ചിരുന്നു'" (K. മാധവന്‍ നായര്‍-മലമ്പാര്‍ കലാപം).

     ഇന്ത്യയുടെ ഭരണം നഷ്ടപ്പെട്ടാലും ഭാവിയില്‍ ഇന്ത്യ പുകഞ്ഞ്‌ കൊണ്ടിരിക്കണമെന്നത്‌ അവരുടെ ലക്ഷമായിരുന്നു. അത്തരം ധ്രുവീകരണമായ പ്രവര്‍ത്തനങ്ങളാണ്‌ ഇന്ത്യയെ വിഭജനത്തിലേക്കും തുടര്‍ന്നുള്ള സംഘര്‍ഷത്തിലേക്കും നയിച്ചത്‌. ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച്‌ രാഷ്ട്രീയ ലാഭം കൊയ്യുവാനുള്ള കുത്സിതശ്രമങ്ങള്‍ ഇന്നും നടന്ന്‌ വരുന്നു. 

     അക്രമികളായ ചില മുസ്ലീം ഭരണാധികാരികളുടെ പേര്‌ പറഞ്ഞാണ്‌ നിരപരാധികളെ കൊന്നുടുക്കുന്നത്‌. അവര്‍ മതത്തെ കുറിച്ച്‌ പറയുന്നുണ്ടങ്കിലും യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ അവര്‍ താണ്ഡവമാടുന്നത്‌. "മതത്തിന്റെ പേരില്‍ മതമല്ലാത്തത്‌ ചെയ്യലാണ്‌ ഒരു വര്‍ഗിയവാദിയുടെ മതം" എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് അവരുടെ പ്രവര്‍ത്തനം. 

    ഏത്‌ മതക്കാരായാലും നിരപരാധികളെ കൂട്ടക്കൊല നടത്തുന്നത്‌ മൂലം ഒരു ദൈവവും പ്രസാദിക്കാന്‍ പോകുന്നില്ല. മതേതരത്വമാണ്‌ ഇന്ത്യയുടെ യശസും അന്തസും പുരാധന പാര്യമ്പര്യവും. എല്ലാ മതക്കാരെയും ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ള നാനാത്വത്തില്‍ ഏകത്വമാണ്‌ ഇന്ത്യയുടെ സൌരഭ്യം അതിന്ന്‌ കോട്ടം സംഭവിക്കുകയെന്നത്‌ ഇന്ത്യയുടെ പതനത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

      ചരിത്രത്തില്‍ വിഷം കലര്‍ത്തി സാമൂഹികാന്തരീക്ഷം സംഘര്‍ഷമാക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്‌. എങ്കിലെ സമുദായ സൌഹാര്‍ദം നിലനില്‍ക്കുകയുള്ളൂ "ഇന്നുള്ള പാഠ പുസ്തകങ്ങളിലെ വിഷബീജങ്ങളാൽ വളചൊടിക്കപ്പെട്ട ചരിത്രങ്ങള്‍

നിലനില്‍ക്കുന്നിടത്തോളം കാലം നമ്മുടെ നാട്ടില്‍ മത സൌഹാര്‍ദം പുലര്‍ന്ന്‌ കാണാന്‍ ആഗ്രഹിക്കുന്നത്‌ വങ്കത്വമാണ്‌ "(Mahatma Gandhi -1919). 

     ഫാഷിസം ഏതെങ്കിലും ഒരു പ്രത്യേക മതത്തോട്‌ മാത്രമെയുള്ളു എന്ന്‌ ധരിക്കുന്നത്‌ മിഥ്യധാരണയാണ്‌. ജര്‍മ്മനിയില്‍ അരങ്ങേറിയ അതേ ശൈലി തന്നെയാണ്‌ ഇന്ത്യയിലും സംഭവിച്ച്‌ കൊണ്ടിരുക്കുന്നത്‌.

    "ഒന്നാമതായി അവര്‍ ജൂതന്മാരുടെ നേരെ തിരിഞ്ഞു ഞാനൊന്നും മിണ്ടിയില്ല കാരണം ഞാന്‍ ജൂതനായിരുന്നില്ല പിന്നീടവര്‍ കമ്മ്യൂണിസ്റ്റ്ക്കാരുടെ നേരെ തിരിഞ്ഞു അപ്പോഴും ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. പിന്നെ അവര്‍ കത്തോലിക്കക്കാരുടെ നേരെ തിരിഞ്ഞു അപ്പോഴും ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു കത്തോലിക്കക്കാരനായിരുന്നില്ല. ഒടുവിലവര്‍ എന്റെ നേരെ തിരിഞ്ഞു അപ്പോള്‍ എനിക്കായി ശബ്ദിക്കാന്‍ ആരുമില്ലായിരുന്നു" (പാസ്റ്റര്‍ നിമോയ്ളര്‍).

      മുന്‍കാല ഭരണാധികാരികളില്‍ മിക്കവരും ഹിന്ദു മുസ്ലീം സഹൃദങ്ങളെ കാത്ത്‌ സൂക്ഷിച്ചിരുന്നു. ഹിന്ദുത്വത്തിന്റെ പ്രതീകമായി ഉയര്‍ത്തി കാണിക്കാറുള്ള ചത്രപതി ശിവജിയുടെ പടത്തലവന്മാരില്‍ പോലും പല പ്രമുഖരും മുസ്‌ലീംകളായിരുന്നു. അദ്ദേഹം ക്ഷേത്രങ്ങള്‍ക്കെന്നപോലെ പള്ളികള്‍ക്കും കരമൊഴിവാക്കി ഭൂമി കൊടുത്തതായി ചരിത്രത്തില്‍ കാണാം. 

       മധുരയിലെ ഹിന്ദുരാജാവിനോടും ശത്രുക്കളായ ഹിന്ദുപ്രഭുക്കന്മാരോടും ശിവജി നടത്തിയ യുദ്ധങ്ങള്‍ അദ്ദേഹം വര്‍ഗിയ വാദിയല്ലന്ന്‌ സൂചിപ്പിക്കുന്നു. തന്റെ രാജ്യത്ത്‌ മുസ്ലീംകള്‍ക്ക്‌ ശരീഅത്ത്‌ ഭരണം അനുവദിച്ച്‌ കൊടുത്ത ശിവജി മുസ്‌ലീം വിരോധിയായിരുന്നില്ല. സൂഫികളെയും യോഗികളെയും അദ്ദേഹം ആദരിച്ചിരുന്നു. അത്‌ പോലെ മൈസൂര്‍ രാജാക്കന്മാരുടെ പടയാളികളില്‍ പ്രമുഖര്‍ അമുസ്‌ലീംകളായിരുന്നു.

    "ടിപ്പുവിന്റെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിലെ പലകഥകളും കേട്ട്‌ കേള്‍വിയെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത്‌ ആരോപിക്കുന്ന ആര്‍ക്കും നിര്‍ബന്ധ മതപരിവര്‍ത്തനം മൂലമുണ്ടായ കുടുംബത്തിലെ ഒരു മുസല്‍മാനെയും ഇത്‌ വരെയും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌ ' (K.N. പണിക്കര്‍ - കേരളത്തിലെ സ്വതന്ത്ര സമരം).

       "ടിപ്പുവിന്‍െറ ദൃഷ്ടിയില്‍ ഹിന്ദുവും മുസല്‍മാനും സമന്മാരായിരുന്നന്നും ഒരു മതത്തോടും അദ്ദേഹം വിദേഷം പുലര്‍ത്തിയിരുന്നില്ല"ന്ന സത്യം യങ്ങ്‌ ഇന്ത്യയിലൂടെ ഗാന്ധിജി  വെളിപെടുത്തിയത്‌ കള്ള കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ നല്ല തിരിച്ചടിയാണ്‌. നമ്മുടെ രാജ്യത്ത്‌ സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം അത്‌ ഏത്‌ സമുദായത്തില്‍ നിന്നായാലും എതിര്‍ക്കപ്പെടേണ്ടതാണ്‌. മുസ്ലീം സമുദായത്തില്‍ നിന്നും ഇത്തരം ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലങ്ങളില്‍ നമ്മള്‍ കണ്ട്‌ വരുന്നുണ്ട്‌. അത്‌ മറ്റേരേക്കാളും ശക്തിയായി മുസ്‌ലീം സമൂഹം തന്നെ തടയേണ്ടതാണ്‌. 

    നബി(സ) പറഞ്ഞു "അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ നിന്റെ സഹോദരനെ സഹായിക്കുക" അനുചരന്മാര്‍ ചോദിച്ചു "ആക്രമിക്കപ്പെട്ടവനെ സഹായിക്കാം അത്‌ മനസ്സിലാക്കാം എന്നാല്‍ അക്രമിയെ എങ്ങിനെ സഹായിക്കാനാകും" ഉത്തരക്ഷണം തന്നെ പ്രവാചകര്‍ പറഞ്ഞു "അക്രമിയെ അവന്റെ കൈപിടിച്ച്‌ കൊണ്ട്‌ അക്രമവൃത്തിയില്‍ നിന്ന്‌ അവനെ രക്ഷിക്കാം".

      മുസ്ലീംകളെ അക്രമാസക്തരാക്കി അതിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരും നമ്മുടെ ഭാരതത്തിലുണ്ട്‌. ഇസ്‌ലാം ഇത്തരം ശ്രമങ്ങളെയും എതിര്‍ക്കുന്നുണ്ട്‌. "വര്‍ഗപരമായ പക്ഷപാതം പ്രചരിപ്പിക്കുകയും, വര്‍ഗതാല്‍പര്യങ്ങള്‍ക്ക്‌ സമരം ചെയ്യുകയും ആ മാര്‍ഗത്തില്‍ മരണമടയുകയും ചെയ്യുന്നവന്‍ എന്നില്‍ പെട്ടവനല്ല" (നബിവചനം).     

      ഇന്ത്യയില്‍ ചിലയിടങ്ങളില്‍ മുസ്ലീംകള്‍ അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയുന്നുണ്ടങ്കിലും അതിനെതിരെ അക്രമത്തിന്റെ മാര്‍ഗമുപേക്ഷിച്ച്‌ നിയമത്തിന്റെ മാര്‍ഗത്തിലേക്ക്‌ വരണം. അത്‌ സമാധാനപരമായ പ്രതിവിധിയാണ്‌. അതിന്ന്‌ വിവിധ മതങ്ങളുടെ ഐക്യം അനിവാര്യമാണ്‌. എന്നാല്‍ ഇന്നത്തെ രാഷ്ദ്രിയ നേതാക്കളില്‍ പലരും അവരവരുടെ താല്‍പര്യങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍ക്കുന്നത്‌. ചിലര്‍ ധാര്‍മ്മികത നഷ്ടപ്പെട്ട്‌ അഴിമതിയിലും വിശ്വാസ വഞ്ചനയിലുമായി അധികാരത്തെ ദുരുപയോഗം ചെയുന്നതായാണ്‌ നാം കണ്ട്‌ കൊണ്ടിരിക്കുന്നത്‌. 

     ദുഷിച്ച ഭരണാധികാരികളെ അനുകൂലിക്കുന്നതിനെ ഇസ്ലാം വിമര്‍ശിക്കുന്നു "ദുര്‍ഭരണത്തെ ബോധപൂര്‍വ്വം അനുകൂലിക്കുന്നവര്‍ ഇസ്ലാമിന്റെ പരിധിയില്‍ നിന്ന്‌ പുറത്താണ്‌" വ്യക്തി ജീവിതത്തില്‍ മതമുല്ല്യങ്ങള്‍ മറുകെ പിടിച്ച രാഷ്ട്രീയക്കാരൊന്നും അധപതിച്ചിട്ടില്ലന്ന ചരിത്രസത്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കിയാരുന്നങ്കില്‍ ഇന്ത്യ എന്നേ രക്ഷപ്പെടുമായിരുന്നു. 

     ഗാന്ധിജിയും മുഹമ്മദലിയും രാഷ്ട്ര സേവനത്തോടപ്പം മത ദര്‍ശനങ്ങളും ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. 


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌